ചമ്പക്കുളം: വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിൽ ജീവൻ രക്ഷാമാർഗമെന്ന നിലയിൽ നീന്തൽ പഠിപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ നീന്തൽ പഠിക്കാനാഗ്രഹമുള്ളവർ നീന്തൽ പഠിക്കുന്നത് മലിന ജലത്തിലാണ്. സമൃദ്ധിയായി വെള്ളമുള്ള പതിമൂന്ന് പഞ്ചായത്തുകൾ അടങ്ങിയ കുട്ടനാട് നിയോജക മണ്ഡലത്തിൽ ഒരു നീന്തൽകുളം പോലുമില്ല. നദികളും, തോടുകളും, കായലുകളും ആവശ്യത്തിലധികമുണ്ടെങ്കിലും അപകടരഹിതമായി നീന്തൽ പഠിക്കാനുള്ള സാഹചര്യങ്ങളിവിടില്ല.
അപകടകരമായ സാഹചര്യങ്ങളിൽ സ്വന്തം റിസ്കിലാണ് കുട്ടനാട്ടിലെ കുട്ടികൾ നീന്തൽ പരിശീലിക്കുന്നത്. നിലവിൽ നീന്തൽ പഠിക്കാൻ ആലപ്പുഴയിലാണ് സൗകര്യമുള്ളത്. അവിടെ പോയി നീന്തൽ പരിശീലിക്കാനാവാതെ ഇവിടത്തുകാർ ബുദ്ധിമുട്ടുകയാണ്.
സ്കൂൾ, കോളജ് തലങ്ങളിൽ ദേശീയ തലത്തിൽ വരെ നീന്തലിൽ സമ്മാനങ്ങൾ നേടുന്നുണ്ട് ഇവിടത്തുകാർ. മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലാണ് കുട്ടികൾ നീന്തൽ പരിശീലിക്കുന്നത്. നെടുമുടി ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപമുള്ള കുളത്തിൽ കുട്ടികൾ വർഷങ്ങളായി പരിശീലനം നടത്താറുണ്ട്. എന്നാൽ മിക്ക മാസങ്ങളിലും വെള്ളം മലിനമാകുന്നതിനാൽ ഇവിടെ സ്ഥിര പരിശീലനം അസാധ്യമാണ്.
കുട്ടനാട്ടിൽ നിന്ന് നിരവധി കായിക താരങ്ങളാണ് ദേശീയ, അന്തർദേശിയ തലത്തിൽ നീന്തലിൽ സമ്മാനങ്ങൾ നേടിയിട്ടുള്ളത്. ഒളിംപ്യൻ സെബാസ്റ്റ്യൻ സേവ്യർ കുട്ടനാട്ടുകാരനാണ്. ഇന്ത്യൻ റെയിൽവേ, സർവീസസ് തുടങ്ങിയവയെ പ്രതിനിധീകരിച്ച് നിരവധി ഇടങ്ങളിൽ കുട്ടനാട്ടിലെ നീന്തൽ താരങ്ങൾ ഇപ്പോഴും നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിൽ നീന്തൽ താരങ്ങളായ പലരും കുട്ടനാട്ടിൽ നിന്ന് കേന്ദ്ര -സംസ്ഥാന സർക്കാർ സർവീസുകളിൽ ജോലി നേടിയിട്ടുമുണ്ട്.
കുട്ടനാടിന്റെ പ്രത്യേക സാഹചര്യത്തിൽ അപകടരഹിതമായി നീന്തൽ പരിശീലനം നടത്തുന്നതിന് ആധുനിക നീന്തൽകുളം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.